This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൊങ്കണ്‍ കൃഷി വിദ്യാപീഠ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൊങ്കണ്‍ കൃഷി വിദ്യാപീഠ്

മഹാരാഷ്ട്ര സംസ്ഥാനത്തിലെ രത്നഗിരി ജില്ലയിലുള്ള ദപോളി (Depoli) എന്ന സ്ഥലത്ത് 1972-ല്‍ സ്ഥാപിതമായ കാര്‍ഷിക സര്‍വകലാശാല. അഗ്രികള്‍ച്ചര്‍, വെറ്ററിനറി സയന്‍സ്, ഫിഷറീസ് എന്നീ മൂന്നു ഫാക്കല്‍റ്റികള്‍ മാത്രമുള്ള ഈ യൂണിറ്ററി സര്‍വകലാശാലയ്ക്ക് ദപോളിയില്‍ ഒരു കാര്‍ഷികകോളജും മുംബൈയില്‍ ഒരു വെറ്ററിനറി കോളജും മുംബൈയിലെ കാര്‍ജാതില്‍ വിവിധതരം നെല്ലുകള്‍ക്ക് പേറ്റന്റ് നേടിയെടുക്കുന്നതിനായി ഒരു ഗവേഷണസ്ഥാപനവുമുണ്ട്. താന, കൊളാബ, രത്നഗിരി, ഗ്രേറ്റര്‍ മുംബൈ എന്നീ ജില്ലകളാണ് ഈ സര്‍വകലാശാലയുടെ അധികാരപരിധിയിലുള്ളത്. 2001 ഫെ. 12-ന് സര്‍വകലാശാലയുടെ പേര് ഡോ. ബാലസാഹേബ് സാവന്ത് കൊങ്കണ്‍ കൃഷി വിദ്യാപീഠ് എന്നു പുനഃനാമകരണം ചെയ്തു.

നെല്ല് ഗവേഷണം, ഉദ്യാനനിര്‍മാണം, മത്സ്യഗവേഷണം എന്നിവയ്ക്ക് പ്രാധാന്യം നല്‍കിപ്പോരുന്ന സര്‍വകലാശാലയ്ക്ക് 1997-ല്‍ ഇന്ത്യന്‍ കൌണ്‍സില്‍ ഒഫ് അഗ്രികള്‍ച്ചറല്‍ റിസച്ച് (ഐ.സി.എ.ആര്‍.) നല്‍കിപ്പോരുന്ന മികച്ച സ്ഥാപനത്തിനുള്ള പുരസ്കാരം ലഭിക്കുകയുണ്ടായി. അഗ്രികള്‍ച്ചറല്‍, ഹോര്‍ട്ടികള്‍ച്ചര്‍, അഗ്രിമാര്‍ക്കറ്റിങ് ആന്‍ഡ് ബിസിനസ്സ് മാനേജ്മെന്റ് എന്നീ വിഷയങ്ങളില്‍ ബി.എസ്സി. കോഴ്സും ഫുഡ് സയന്‍സില്‍ ബി.ടെക്കും നടത്തിവരുന്നു. ഗവേഷണപ്രബന്ധങ്ങളുടെ അടിസ്ഥാനത്തില്‍ ഫിഷറീസ് വിഭാഗത്തില്‍നിന്നും എം.എസ്സി., പിഎച്ച്.ഡി. ബിരുദങ്ങളും നല്കി വരുന്നുണ്ട്. മറ്റു രണ്ടു ഫാക്കല്‍റ്റികളിലും ഗവേഷണാടിസ്ഥാനത്തില്‍ പിഎച്ച്.ഡി. ബിരുദം നേടുന്നതിനുള്ള സംവിധാനങ്ങള്‍ ഉണ്ട്.

രത്നഗിരിയിലുള്ള ഗവേഷണകേന്ദ്രത്തിലും മുംബൈയിലും ദപോളിയിലുമുള്ള കോളജുകളിലും വിപുലമായ ലൈബ്രറിസൌകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

വിദ്യാര്‍ഥികള്‍ക്ക് ഹോസ്റ്റല്‍ സൗകര്യങ്ങളും പലവിധത്തിലുള്ള സ്കോളര്‍ഷിപ്പുകളും നല്കിവരുന്നു. ഈ സര്‍വകലാശാലയില്‍ പ്രൈവറ്റായി പരീക്ഷ എഴുതുന്നതിനുള്ള സംവിധാനമില്ല. എല്ലാ വിദ്യാര്‍ഥികളും ഓരോ വര്‍ഷവും വിദഗ്ധമായ വൈദ്യപരിശോധനയ്ക്ക് വിധേയരാകണമെന്നതു നിര്‍ബന്ധമാണ്. ജൂലായില്‍ ആരംഭിച്ച് മേയില്‍ അവസാനിക്കുന്ന അധ്യയനവര്‍ഷം രണ്ടു ഘട്ടങ്ങളായി തിരിക്കപ്പെട്ടിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍